ആമുഖം

1982 നവംബര്‍ 1-നാണ് കേരള സംസ്ഥാനത്തിലെ പതിമൂന്നാമത്തെ ജില്ലയായി പത്തനംതിട്ട ജില്ല നിലവില്‍ വന്നത്. ഇന്ന് പത്തനംതിട്ട ജില്ലയിലുള്‍പ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളും പഴയ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിന്റെ ഒരു വലിയ ഭാഗവും, ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിന്റെ ഒരു ഭാഗവും, ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന തിരുവല്ലാ താലൂക്കും, മാവേലിക്കര താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പത്തനംതിട്ട ജില്ലയ്ക്ക് രൂപം നല്‍കിയത്. പത്തനം എന്നാല്‍ മനോഹരമായ വീടുകള്‍ എന്നും തിട്ട എന്നാല്‍ നദീതടം എന്നുമാണ് അര്‍ത്ഥം. നദീതീരത്ത് നിരനിരയായി വീടുകളുള്ള സ്ഥലംഎന്നതില്‍ നിന്നാണ് പത്തനംതിട്ട എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതാം. വടക്കുഭാഗത്ത് കോട്ടയം, ഇടുക്കി ജില്ലകള്‍ വരേയും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനം വരേയും, തെക്കുഭാഗത്ത് കൊല്ലം ജില്ല വരേയും, പടിഞ്ഞാറുഭാഗത്ത് ആലപ്പുഴ ജില്ല വരേയും അതിരുകള്‍ വ്യാപിച്ചുകിടക്കുന്ന പത്തനംതിട്ട ജില്ലയ്ക്ക് 2642 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട്  എന്നിങ്ങനെ 8 ബ്ളോക്ക് പഞ്ചായത്തുകളാണ് ഈ ജില്ലയിലുള്ളത്. ഈ ജില്ലയിലെ 8 ബ്ളോക്കുകളിലായി 54 ഗ്രാമപഞ്ചായത്തുകളും 68 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട, തിരുവല്ലാ, അടൂര്‍ എന്നിങ്ങനെ 3 മുനിസിപ്പാലിറ്റികള്‍ പത്തനംതിട്ട ജില്ലയിലുണ്ട്. പത്തനംതിട്ട, തിരുവല്ലാ, അടൂര്‍, മല്ലപ്പള്ളി, റാന്നി എന്നിങ്ങനെ അഞ്ച് താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. ഭൂപ്രകൃതിയനുസരിച്ച് പത്തനംതിട്ട ജില്ലയെ മലനാട്, ഇടനാട്, തീരസമതലം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ജില്ലയുടെ കിഴക്കനതിര്‍ത്തികള്‍ പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന മലനിരകളാണ്. ഉയര്‍ന്ന മലനാട് പ്രദേശത്തുനിന്നും പടിഞ്ഞാറോട്ട് പോകുന്തോറും ഭൂമി ചരിഞ്ഞാണ് കിടക്കുന്നത്. ഈ ചരിവ് ഇടനാട് പ്രദേശത്തോടടുക്കുന്തോറും കുറഞ്ഞുവരികയും തീരപ്രദേശത്തെത്തുമ്പോള്‍ പൂര്‍ണ്ണമായും ഇല്ലാതാവുകയും സമതലരൂപം കൈവരിക്കുകയും ചെയ്യുന്നു. പത്തനംതിട്ട ജില്ലയുടെ ആകെ ഭൂവിസ്തൃതിയില്‍ അഞ്ചു ശതമാനത്തിലേറെ ഭാഗം വനമേഖലയാണ്. കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ഭാരതത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമല അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. ശബരിമല ശ്രീ അയ്യപ്പന്റെ ഐതിഹ്യവുമായി ബന്ധമുള്ള അച്ചന്‍കോവിലാര്‍ നദി ഈ ജില്ലയുടെ ഹൃദയഭാഗത്തു കൂടിയാണ് ഒഴുകുന്നത്. അയ്യപ്പചരിതത്തില്‍ പരാമര്‍ശിക്കുന്ന പല പ്രദേശങ്ങളും ഇന്ന് പത്തനംതിട്ട ജില്ലയുടെ ഭാഗമാണ്. ക്രിസ്തുശിഷ്യനായ തോമാശ്ളീഹാ നിലയ്ക്കല്‍ കുന്നുകളിലെത്തി കുരിശു സ്ഥാപിച്ചത് ചരിത്രമാണ്. ഇവിടെനിന്നാണ് അദ്ദേഹം കോന്നി-അച്ചന്‍കോവില്‍ പാതകളിലൂടെ സഞ്ചരിച്ച് മധുരയില്‍ എത്തിച്ചേര്‍ന്നതെന്ന് ചരിത്രസൂചനകളുണ്ട്. ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍‍വന്‍ഷന്‍ നടക്കുന്ന പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പമ്പാനദിയിലെ മണല്‍ത്തട്ടിലാണ്.